സാഹിതീസഖ്യം  

 

കേരള ക്ലബ്ബിന്റെ ആരംഭം മുതൽ തന്നെ മലയാളികളുടെ വായനാശീലം നിലനിർത്തുന്നതിന് പത്രമാസികകളും പുസ്തകങ്ങളും ലഭ്യമാകുന്ന ഒരു വായനശാല വേണമെന്ന ആവശ്യമുയരുകയും അത് നടപ്പാക്കുകയും ചെയ്തു. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന സാഹിത്യകാരന്മാർ ക്ലബ്ബ് സന്ദർശിക്കുന്നതും തുടക്കം മുതൽ ഒരു പതിവായിരുന്നു. വായിക്കുന്ന പുസ്തകങ്ങളെപ്പറ്റി ഇടയ്ക്കിടെ അംഗങ്ങൾക്കിടയിൽ അനൌപചാരിക ചർച്ചകളും തികച്ചും  സ്വാഭാവികമായിരു ന്നു. ഇവയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരം സാഹിത്യസംബന്ധമായ ചർച്ചകൾക്ക് ഒരു വേദി എന്ന നിലയിൽ 1959 ൽ കേരള ക്ലബ്ബിൽ സാഹിതീസഖ്യം ഉദയം കൊണ്ടത്. ഐബിയിൽ ഉദ്യോഗസ്ഥനായിരുന്ന കോഴിക്കോട് സ്വദേശി  പി കെ നാരായണൻ നായരും സി എൽ ബി മേനോനുമായിരുന്നു ഇതിന്റെ പിറവിക്കും വളർച്ചയ്ക്കും ഏറെ ഉത്സാഹിച്ചത്. 

ക്രമേണ എഴുത്തുകാർക്ക് തങ്ങളുടെ മൌലിക രചനകൾ അവതരിപ്പിക്കുന്നതിനും ശ്രോതാക്കളുടെ പ്രതികരണം മനസ്സിലാക്കുന്നതിനുമുള്ള ഒരു വേദിയായി അത് മാറി. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരായിരുന്നു ശ്രോതാക്കൾ എന്നത് ശരിക്കും വലിയൊരു അനുഗ്രഹം തന്നെയായിരുന്നു. പണ്ഡിതരും പാമരരും സാഹിത്യകാരന്മാകും സാഹിത്യാസ്വാദരും മറ്റും ഉൾപ്പെടുന്ന സമൂഹത്തിന്റെ ഒരു പരിഛേദം തന്റെ രചനയെ എങ്ങനെ വീക്ഷിക്കുന്നു എന്ന ആ അറിവ് യഥാർത്ഥത്തിൽ സാഹിത്യരംഗത്തേക്കു കടന്നുവരുന്ന യുവാക്കൾക്ക് ഒരു വലിയ അനുഗ്രഹമായി മാറി.

ശ്രോതാക്കളിൽ നിന്നു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ തിരുത്തലുകളും മാറ്റങ്ങളും വരുത്തി ആ രചനകൾ മദ്രാസിൽ നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന 'ജയകേരള' ത്തിലും കോഴിക്കോട്ടെ 'മാതൃഭൂമി' വാരികയിലും അച്ചടിച്ചു വന്നപ്പോൾ തങ്ങളും എഴുത്തുകാരായി എന്ന ആത്മവിശ്വാസം ഒട്ടേറെ എഴുത്തുകാരിൽ ഉടലെടുത്തു. സാഹിത്യതൽപരരായ പലർക്കും എഴുത്തിന്റെ പാതയിലേക്കു കടക്കാൻ അതൊരു പ്രേരകശക്തിയായി വർത്തിച്ചു. അറുപതുകളിൽ മലയാളത്തിലുടലെടുത്ത ആധുനിക സാഹിത്യ പ്രവണതകൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിയതും വിളനിലമായതും കേരള ക്ലബ്ബിന്റെ സാഹിതീസഖ്യമാണെന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. 

അതിന്റെ സാക്ഷ്യപത്രങ്ങൾ അന്യത്ര കൊടുത്തിട്ടുള്ള ലേഖനങ്ങളിലും കുറിപ്പുകളിലും നിന്ന് നമുക്ക് വായിച്ചെടുക്കാനാകും